പൊൻകുന്നം: പൊൻകുന്നം സ്വകാര്യ ബസ് സ്റ്റാൻഡിലെ ശ്രീ ഗണേശാ ലക്കിസെന്ററിന്റെ കൗണ്ടറിൽ നിന്ന് 300 ടിക്കറ്റിന്റെ കെട്ട് കൈക്കലാക്കി മോഷ്ടാവ് രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 10.30ാടെയാണ് സംഭവം. 15,000 രൂപയുടെ ടിക്കറ്റുകളാണ് നഷ്ടപ്പെട്ടത്. പൊൻകുന്നം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
25ന് നറുക്കെടുക്കുന്ന 0629 കാരുണ്യാ പ്ലസ് ടിക്കറ്റുകളാണ് നഷ്ടപ്പെട്ടത്. ഇതിൽ 205525 മുതൽ 205549 വരെ നമ്പരിലുള്ള എല്ലാ സീരീസിലുമുള്ള ടിക്കറ്റുകളുണ്ട്. കൗണ്ടറിൽ നിരത്തുന്നതിനായി ലോട്ടറിത്തട്ടിന്റെ അടിയിൽ വച്ചിരുന്ന കെട്ടാണിത്. മാസ്ക് ധരിച്ചെത്തിയ ആൾ കുറച്ചുനേരം കൗണ്ടറിൽ നിരത്തിയ ടിക്കറ്റുകളും ഫലങ്ങളും നോക്കിനിന്നു.
കടയുടമ റെജികുമാറും ജീവനക്കാരിയും മറ്റുള്ളവർക്ക് ടിക്കറ്റ് കൊടുക്കുന്ന തിരക്കിനിടയിൽ ഇയാൾ ഇവ കൈയിട്ട് എടുത്തുകൊണ്ടു പോവുകയായിരുന്നു. കെട്ട് കാണാതെ വന്നതോടെ സിസിടിവി കാമറ നോക്കിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.